തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണ നീക്കത്തിനെതിരെ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരേ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ബലപ്രയോഗവും നടത്തിയ പോലീസ് നിരവധിതവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച അറസ്റ്റു ചെയ്തു.
എൻസിഇആർടി പാഠപുസ്തങ്ങളിലെ കാവിവത്ക്കരണത്തിനെതിരെ കെഎസ്‌യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എംഎല്‍എ ഹോസ്റ്റലിന് സമീപത്തുനിന്നാണ് ഏജീസ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പാഠപുസ്തകങ്ങിളൂടെ വർഗീയ വിഷം കുത്തി വെച്ച് കാവിവത്ക്കരണ നയം നടത്തുന്ന കേന്ദ്ര സർക്കാർ ആർഎസ്എസിനും സംഘപരിപാറിനും ഇഷ്ടമില്ലാത്ത ചരിത്ര യാഥാർത്ഥ്യങ്ങളെ പാഠം പുസ്തകങ്ങളിൽ നിന്നും തുടച്ചു നീക്കുവാൻ ശ്രമിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം ഹസൻ കുറ്റപ്പെടുത്തി.
ഉദ്ഘാടനത്തിനുശേഷം പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പോലീസ് നിരവധിതവണ കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പ്രവർത്തകർ കുഴഞ്ഞുവീണു. പോലീസും പ്രവർത്തകരും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. പോലീസ് ബലപ്രയോഗത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതോടെപ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം തുടർന്നതോടെ പ്രവർത്തകരെ ബലംപ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരേയും വലിച്ചിഴച്ചും ബലം പ്രയോഗിച്ചും അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി.
പിന്നീട് വഴിവക്കിൽ നിന്നുപോലും പോലീസ് നിരവധി പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ എടുത്തു.
കേന്ദ്രസർക്കാരിന്‍റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.