ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടി; സർക്കാരിന് ശക്തമായ താക്കീതായി കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ സംരക്ഷണ മാർച്ച്

Jaihind Webdesk
Monday, November 14, 2022

 

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സര്‍ക്കാരിന്‍റെയും ഗവര്‍ണറുടെയും നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസിന്‍റെ അതിക്രമം. പ്രവർത്തകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഗവർണറും സർക്കാരും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ ആണ് നടക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ-ഗവർണർ ഒത്തുകളി അവസാനിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തുക, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് വിദ്യാഭ്യാസ സംരക്ഷണ മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് മാർച്ച് ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു.
പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ പോലീസ് ജലപീരങ്കി പ്രയോഗം ആരംഭിച്ചു. പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കിയും രണ്ട് റൗണ്ട്‌ കണ്ണീർവാതകവും പ്രയോഗിച്ചു. ശക്തമായ ജ പീരങ്കി പ്രയോഗത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

വീണ്ടും കെഎസ്‌യു പ്രവർത്തകർ വിവിധ കോണുകളിൽ പ്രതിഷേധം ശക്തമാക്കി. ഇതോടെ പോലീസ് ബലപ്രയോഗത്തിലൂടെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുവാൻ ആരംഭിച്ചു. പോലീസ് പ്രവർത്തകരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ കെഎസ്‌യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മാർച്ച് അക്ഷരാർത്ഥത്തിൽ പുതിയ സമര പ്രഖ്യാപന പോരാട്ട സമരമായി മാറുകയായിരുന്നു.