പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കോഴിക്കോടില്‍ കെഎസ്‌യുവിന്‍റെ പ്രതിഷേധം, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

Jaihind Webdesk
Tuesday, June 18, 2024

 

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ കോഴിക്കോട് കെഎസ്‌യുവിന്‍റെ പ്രതിഷേധം. ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

കോഴിക്കോട് 43000 ത്തോളം പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുളളത്. അപേക്ഷകരാകട്ടെ 48,000 ത്തോളം വിദ്യാർത്ഥികളും. 5000 പേർക്ക് നിലവിലെ സാഹചര്യത്തിൽ ഹയർ സെക്കണ്ടറി പഠനം തുടരാനാകില്ല. ആദ്യ രണ്ട് അലോട്ട്മെന്‍റ് പൂർത്തിയായിട്ടും എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടില്ല.

ഇതേ തുടർന്നാണ് കെഎസ്‌യു പ്രതിഷേധം ശക്തമാക്കിയത്. കോഴിക്കോട് ഹയർ സെക്കണ്ടറി റീജിയണൽ ഡപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു  പ്രവർത്തകർ ഉപരോധിച്ചു. വിദ്യാർത്ഥികൾക്കൊപ്പം എത്തിയാണ് കെഎസ്‌യു പ്രവർത്തകർ ആർഡിഡി ഓഫീസ് ഉപരോധിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വി.പി. സൂരജിന്‍റെ നേതൃത്വത്തിലായിരുന്നു ഉപരോധം. അര മണിക്കൂറിലധികം പ്രവർത്തകർ റീജിയണൽ ഡപ്യൂട്ടി ഡയറക്ടറെ  ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.