കെ.എസ്.യു കണ്ണൂർ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു

കണ്ണൂർ സർവ്വകലാശാലക്ക് കിഴിൽ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥികൾക്ക് അധ്യാപക പരിശീലനം തുടങ്ങാത്തത് മൂലം കോഴ്സ് പൂർത്തീകരിക്കാൻ കഴിയാതെ ഒരു വർഷം പാഴാവുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു.

കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികൾ ഓൺലൈൻ ക്ലാസുകൾ വഴി അധ്യാപക പരിശീലനം ഉൾപ്പെടെ നടത്തി കോഴ്സ് പൂർത്തീകരിച്ച സാഹചര്യത്തിൽ കണ്ണൂർ സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള സമീപനം വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണെന്നാരോപിച്ചായിരുന്നു കെ.എസ്.യു ഉപരോധം .

തുടർന്ന് കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാൻസിലർ പ്രൊഫ. പി.ടി രവീന്ദ്രൻ ചർച്ച നടത്തുകയും അടിയന്തിരമായി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ച് സമയബന്ധിതമായി കോഴ്സ് പൂർത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി.ടി,ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, തുടങ്ങിയവർ നേതൃത്വം നൽകി.

Comments (0)
Add Comment