കോഴിക്കോട് പ്രവേശനോത്സവത്തിനിടെ കെ.എസ്.യു പ്രതിഷേധം; ഖാദര്‍ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

കോഴിക്കോട് പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയിൽ കെ.എസ്‍.യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, നീലേശ്വരം ഹയർ സെക്കന്‍‌ഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷയെഴുതിയ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഡി.ഡി.ഇയുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. ജില്ലാ തല പ്രവേശനോത്സവം നടക്കുന്ന നടുവണ്ണൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു കെ.എസ്.യു പ്രതിഷേധം.

മന്ത്രി ടി.പി രാമകൃഷ്ണൻ സംസാരിച്ച് കൊണ്ടിരിക്കവെയായിരുന്നു കെ.എസ്‍.യു പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ എത്തിയത്. കെ.എസ്.യു പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി പ്രസംഗം നിര്‍ത്തി. വേദിക്കരികിലുണ്ടായിരുന്നു അധ്യാപകര്‍ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

 

kozhikodeKSU Protest
Comments (0)
Add Comment