തലസ്ഥാനം ഇന്നും യുദ്ധക്കളം, കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്, പ്രവര്‍ത്തകര്‍ക്ക് പരിക്ക്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനം

Jaihind Webdesk
Thursday, December 21, 2023


കെഎസ്‌യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പോലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പോലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കെപിസിസി ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് ക്വട്ടേഷന്‍ സംഘമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. സി.പി.എമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാര്‍ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങള്‍ എല്ലാവരും തെരുവില്‍ അണിനിരക്കും.ഗവര്‍ണര്‍ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാന്‍ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാന്‍ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴല്‍നാടന്‍ വെല്ലുവിളി നടത്തി. നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്,കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. എം.വിന്‍സന്റ് എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.