KSU | കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയിലെത്തിച്ച സംഭവം: പോലീസിന് രൂക്ഷ വിമര്‍ശനവുമായി വടക്കാഞ്ചേരി കോടതി

Jaihind News Bureau
Friday, September 12, 2025

തൃശ്ശൂര്‍: കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പോലീസിന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ശക്തമായ വിമര്‍ശനം. ഈ വിഷയത്തില്‍ വടക്കാഞ്ചേരി എസ്.എച്ച്.ഒ ഷാജഹാന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന സി.പി.എമ്മിന്റെ അടിമകളായ ചില ഉദ്യോഗസ്ഥരുണ്ട്. അവരുടെ ചെയ്തികള്‍ ഞങ്ങളുടെ കുട്ടികളോട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

മുള്ളൂര്‍ക്കരയില്‍ നടന്ന കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെയാണ് കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ എത്തിച്ചത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍, ജില്ലാ കമ്മിറ്റി അംഗം അല്‍ അമീന്‍, കിളിമംഗലം ആര്‍ട്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് അസ്ലം കെ.കെ എന്നിവരെയാണ് മുഖം മറച്ച് കോടതിയില്‍ ഹാജരാക്കിയത്.

അഭിഭാഷകന്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കോടതി വടക്കാഞ്ചേരി എസ്.ഐ ഹുസൈനാരോട് വിശദീകരണം തേടി. തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പ്രതികളെ മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍, പരാതിക്കാര്‍ എഫ്.ഐ.ആറില്‍ പേര് രേഖപ്പെടുത്തിയ അതേ പ്രതികളെ തന്നെയാണ് ഹാജരാക്കിയത് എന്നതിനാല്‍ എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് പോലീസ് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നല്‍കാനായില്ല.

എസ്.എച്ച്.ഒയുടെ നടപടിക്കെതിരെ ജില്ലാ പോലീസ് മേധാവിക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഷോക്കോസ് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കെ.എസ്.യു പ്രവര്‍ത്തകരായ ഗണേഷ് ആറ്റൂര്‍, അല്‍ അമീന്‍, അസ്ലം എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസിലെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവര്‍ കൊടുംകുറ്റവാളികളല്ല. രാജ്യദ്രോഹികളുമല്ല. എസ്.എഫ്.ഐ ക്കാര്‍ നല്‍കിയ കളളക്കേസില്‍ പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ തൃശൂരിലെ കെ.എസ്.യു നേതാക്കളാണ്. കയ്യാമം വച്ച് മുഖം കറുത്ത തുണികൊണ്ട് മൂടി ഇവരെ കോടതിയില്‍ ഹാജരാക്കിയത് വടക്കാഞ്ചേരി പൊലീസാണ്.

സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശത്തിലും പിന്തുണയിലുമാണ് പൊലീസ് ഇമ്മാതിരി മര്യാദകേട് കാണിച്ചതെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായി പെരുമാറുന്ന പൊലീസുകാരെ കാക്കി ഇടീക്കില്ലെന്നത് യു.ഡി.എഫിന്റെ തീരുമാനമാണ്. പൊലീസിന്റെ കാടത്തത്തിന് എതിരെ ജനരോഷം ഉയരുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് സി.പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലീസുകാര്‍ ഓര്‍ക്കണമെന്നും വിഡി സതീശന്‍ താക്കീതു നല്‍കി

‘പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പോലീസുകാരെ അതുപോലെതന്നെ കൈകാര്യം ചെയ്യും’ എന്ന് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു.