കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലെ സിപിഎം സമ്മേളനം: തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ കെഎസ്‌യുവിന്‍റെ പ്രതിഷേധ തിരുവാതിര

Jaihind Webdesk
Saturday, January 22, 2022

തൃശൂര്‍ : കൊവിഡ് വ്യാപന സാഹചര്യത്തിലും സിപിഎം ജില്ലാ സമ്മേളനം നടത്താന്‍ കളക്ടര്‍ അനുമതി നല്‍കിയതിനെതിരെ കെഎസ്‌യു തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ തിരുവാതിരക്കളി സംഘടിപ്പിച്ചു. സിപിഎം തൃശൂർ ജില്ലാ സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

കെഎസ്‌യു തൃശൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ തിരുവാതിര നടത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തിരുവാതിര. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ കളക്ടർ എകെജി സെന്‍ററിൽ നിന്നുള്ള ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ശോഭ സുബിൻ ആരോപിച്ചു.

കെഎസ്‌യു തൃശൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് വിഷ്ണുചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാൽ, എബിമോൻ, ആസിഫ് മുഹമ്മദ്, ഗണേഷ് ആറ്റൂർ, അമൽ പൂളയ്ക്കൽ, നിഹാൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.