
മലപ്പുറം: പുതുതലമുറയുടെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വരാനിരിക്കുന്ന യുഡിഎഫ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ‘ജെൻസി കണക്ട്’ യാത്ര മലപ്പുറത്തെത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്റ്റുഡൻസ് മീറ്റ്-അപ്പിൽ’ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുമായി പ്രമുഖർ സംവദിച്ചു. വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച മുൻ എം.എൽ.എ വി.ടി. ബൽറാം അഭിപ്രായപ്പെട്ടു.
മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് മഹത്തായ കാര്യമാണെന്നും, പുതിയ തലമുറയിൽ വലിയ സ്വാധീനം ചെലുത്താൻ സിനിമ എന്ന മാധ്യമത്തിന് സാധിക്കുന്നുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര നടി വിൻസി അലോഷ്യസ് പറഞ്ഞു. പുതുതലമുറയുടെയും (Gen Z) വിദ്യാർത്ഥികളുടെയും താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടാകും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപീകരിക്കുകയെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ എന്നിവരും ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, കണ്ണൻ നമ്പ്യാർ, ആദിൽ കെ.കെ.ബി, എം. റഹ്മത്തുളള, ഷഫ്രിൻ എം.കെ, തൗഫീക്ക് രാജൻ, ആഘോഷ് വി. സുരേഷ്, സച്ചിൻ ടി. പ്രദീപ്, ആസിഫ് എം.എ തുടങ്ങിയവരും സംസാരിച്ചു.