മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ പി.ആര്‍ വര്‍ക്ക്; ലജ്ജാകരമായ ക്വിസ് പരിപാടിക്കെതിരെ ക്യാമ്പസുകളില്‍ പ്രതിഷേധം: അലോഷ്യസ് സേവ്യര്‍

Jaihind News Bureau
Tuesday, January 13, 2026

 

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനായി വിലകുറഞ്ഞ പി.ആര്‍ വര്‍ക്കുകള്‍ നടത്തുകയാണ് സര്‍ക്കാരെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കാന്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടികള്‍ ജനാധിപത്യത്തിന് ലജ്ജാകരമാണെന്നും ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകളില്‍ പ്രചാരണം തുടങ്ങും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ക്യാമ്പസുകളിലും പൊതുകേന്ദ്രങ്ങളിലും ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് കെ.എസ്.യു നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ഇത്തരം രീതികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിസണ്‍ സര്‍വേയ്ക്കെതിരെ ഹൈക്കോടതിയില്‍ വിവാദമായ സിറ്റിസണ്‍ സര്‍വേയ്ക്കെതിരെ കെ.എസ്.യു നിയമപോരാട്ടം ആരംഭിച്ചതായും അലോഷ്യസ് സേവ്യര്‍ അറിയിച്ചു. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നതും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതുമായ സര്‍വേയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.