വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാട്ടിയ കേസ്; KSU ജില്ല പ്രസിഡന്‍റിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്

Jaihind Webdesk
Sunday, June 23, 2024

 

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച കേസിൽ കെഎസ്‌യു ജില്ല പ്രസിഡന്‍റ് ഗോപു നെയ്യാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയാണ്  കന്‍റോണ്മെന്‍റ് പോലീസ് ഗോപുവിനെ അറസ്റ്റ് ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് കെഎസ്‌യു പ്രവർത്തകർ തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയെ വഴിയിൽ തടഞ്ഞ്
വാഹനത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുകയായിരുന്നു.

മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു കെഎസ്‌യു പ്രതിഷേധം. രാജ്ഭവനില്‍ മന്ത്രിയായി  ഒ. ആർ. കേളുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുവാൻ ഇറങ്ങിയ  മന്ത്രിയെയാണ് കെഎസ്‌യു പ്രവർത്തകർ തടഞ്ഞത്. 10 മിനിറ്റോളം മന്ത്രിയെ തടഞ്ഞ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ അസത്യപ്രചരണം നടത്തി മന്ത്രി തെറ്റിദ്ധാരണ പടർത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.