പോലീസ് നരനായാട്ടിനെതിരെ നേതാക്കള്‍; നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിലും നരനായാട്ടിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എഫ്.ഐ.യുടെ ഗുണ്ടായിസത്തെ മാർക്സിസ്റ്റ് പാർട്ടി പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജ് ക്രിമിനലുകളുടെ വളർത്തുകേന്ദ്രമായി മാറിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പോലീസ് അതിക്രമത്തിൽ പരിക്കേറ്റ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് ഉൾപ്പെടെയുടെയുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിക്കുകയായിരുന്നു ഇരുവരും.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനുനേരെയുള്ള പോലീസ് അതിക്രമത്തിന്
പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരുടെ നിരാഹാര സമരപന്തലിന് നേരേയും പോലീസ് അക്രമം നടത്തി. കണ്ണീര്‍വാതക-ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യത്തം അനുഭവപ്പെട്ട സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെയും മറ്റ് നേതാക്കളെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സന്ദർശിച്ചു. എസ്.എഫ്.ഐ ഗുണ്ടായിസത്തിന് മാർക്സിസ്റ്റ് പിന്തുണ നൽകുകയാണ്. എസ്.എഫ്.ഐ ക്രിമിനലുകൾക്ക് നേരേ ശക്തമായ നടപടിയുണ്ടാവാണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് എം.പി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നു

ഗ്രനേഡുകൾ പ്രയോഗിക്കാനും ലാത്തിച്ചാർജ് നടത്താനും നിർദേശം നൽകിയത് സി.പി.എമ്മും സർക്കാരുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് യുദ്ധക്കളമായി മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല നാഥനില്ലാകളരിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നടത്തിയ സമരത്തിന് നേരെയാണ് പോലീസ് അതിക്രമം നടത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അതേ സമയം പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

youth congressKSU
Comments (0)
Add Comment