കെ.എസ്.ആര്‍.ടി.സി.യുടെ ‘വിചിത്ര’ നടപടി: മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ സാമൂഹ്യമാധ്യമത്തില്‍ കമന്റിട്ട ജീവനക്കാരന് സസ്‌പെന്‍ഷന്‍

Jaihind News Bureau
Friday, October 31, 2025

വിചിത്ര നടപടിയുമായി കെ.എസ്.ആര്‍.ടി.സി. സാമൂഹ്യമാധ്യമത്തില്‍ കമന്റിട്ടതിന് ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഉത്തരവിന്റെ പകര്‍പ്പ് ജയഹിന്ദ് ന്യൂസിന് ലഭിച്ചു. മലപ്പുറം എടപ്പാളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും, ഗതാഗതമന്ത്രിയെയും അവഹേളിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍.

എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി റീജിയണല്‍ വർക്ക്ഷോപ്പിലെ സ്റ്റോര്‍ ഇഷ്യുവര്‍ എം. സന്തോഷ്‌കുമാറാണ് നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തതാണ് നടപടി സ്വീകരിക്കാനുള്ള കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഷാജിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഗുരുതരമായ ചട്ടലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.