കെ.എസ്‍.ആര്‍.ടി.സി നാളെ മുതല്‍ നിരത്തിലിറങ്ങും; സർവീസുകള്‍ ജില്ലകള്‍ക്കുള്ളില്‍

Jaihind News Bureau
Tuesday, May 19, 2020

 

KSRTC

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിർത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സർവീസ് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലകള്‍ക്കുള്ളില്‍ മാത്രമായിരിക്കും സർവീസുകള്‍ നടത്തുക. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാകും സർവീസുകള്‍. ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസിന്‍റെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ ബസുടമകളുടെ അധികഭാരം ഒഴിവാക്കാനായാണ് മൂന്ന് മാസത്തെ ടാക്സ് ഒഴിവാക്കി കൊടുത്തത്. ടാക്‌സ് ഇനത്തിൽ 36 കോടിയിലധികം രൂപ വരുമാനക്കുറവ്. സർവീസ് നടത്തണമോ വേണ്ടയോ എന്നത് സ്വകാര്യ ബസുടമകൾ തീരുമാനിക്കേണ്ടതാണ്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജില്ലയ്ക്കുള്ളിൽ സർവീസ് നടത്താനാണാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. യാഥാർത്ഥ്യങ്ങൾ മനസിലാക്കി സ്വകാര്യബസുടമകൾ സർക്കാരിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 26 ന് നടത്താന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ് സർവീസ് നടത്താതിരുന്നാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് പരീക്ഷയ്ക്ക് ഇനിയും എത്രദിവസങ്ങള്‍ ബാക്കി കിടക്കുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.