തൊട്ടതെല്ലാം കടം: ഡീസലിനത്തില്‍ കൊടുക്കാനുള്ളത് കോടികള്‍; കെഎസ്ആർടിസി സർവീസുകള്‍ വെട്ടിച്ചുരുക്കുന്നു

Jaihind Webdesk
Friday, August 5, 2022

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമാകുന്നു. ഡീസലിന്‍റെ ലഭ്യതക്കുറവിനെതുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കെഎസ്ആര്‍ടിസി നീക്കം. കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴാണ് നിലവിലുള്ള സര്‍വീസുകളടക്കം വെട്ടിച്ചുരുക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിക്കുന്നത്.

ഡീസല്‍ കമ്പനികള്‍ക്ക് വന്‍തുക കുടിശിക ആയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം നേരിടുന്നത്. ഡീസല്‍ എത്തുവാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് മാനേജ്‌മെന്‍റ് തീരുമാനം. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ ഓര്‍ഡിനറി ബസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പകുതിയലധികം ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ശനിയാഴ്ച 25 ശതമാനം ഓര്‍ഡിനറി ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുവെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്ച പൂര്‍ണ്ണമായും ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുകയില്ല. 135 കോടിയോളം രൂപ ഡീസല്‍ തുകയായി കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്നാണ് സൂചന. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡീസല്‍ ക്ഷാമം പരിഹരിക്കാനാവുമെന്നാണ് മാനേജ്‌മെന്‍റ് വ്യക്തമാക്കുന്നത്.

അതേസമയം ആവശ്യത്തിന് ഡീസല്‍ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്‌മെന്‍റിന്‍റെ വീഴ്ചയാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഗതാഗത മന്ത്രിയാണെന്ന് ഭരണാനുകൂല സംഘടനകള്‍ അടക്കം ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങിയതിന് പിന്നാലെയാണ് സര്‍വീസുകള്‍ കൂടി വെട്ടിച്ചുരുക്കുന്നത്.