2000 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി; നിക്ഷേപമായോ ചലാന്‍ തുകയായോ മാത്രം ട്രഷറിയിലും സ്വീകരിക്കും

Monday, May 22, 2023

 

രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ ട്രഷറിയിൽ സ്വീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. അതേസമയം ബാങ്കിലേതിന് സമാനമായി നോട്ട് മാറി നൽകില്ലെന്നും നിക്ഷേപമായോ ചലാൻ തുകയായായോ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ട്രഷറി ഡയറക്ടർ വ്യക്തമാക്കി.

2000 രൂപയുടെ നോട്ടുകൾ  റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും അറിയിച്ചു. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്‍റ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.

ആശങ്ക വേണ്ടെന്നും നാളെ മുതൽ നോട്ട് മാറാനെത്തുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ തട്ടിപ്പിന് കൂടുതലായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.