കെഎസ്ആർടിസിക്ക് ഓണം കറുക്കും; ശമ്പളം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ നേടി സർക്കാർ

Jaihind Webdesk
Wednesday, August 31, 2022

കൊച്ചി: കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. ഇതോടെ ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാരുടെ കാര്യം കൂടുതല്‍ ദുരിതത്തിലാകും.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. എന്നാല്‍ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ അപ്പീൽ നൽകിയത്.

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹ‍ർജി പരിഗണിക്കവേ സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം നൽകാൻ കൂടുതൽ സമയം വേണമെന്നും മാനേജ്മെന്‍റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി 103 കോടി രൂപ സെപ്തംബ‍ർ 1ന് മുമ്പ് നൽകാൻ സർക്കാരിനോട് കോടതി നി‍ർദേശിച്ചത്. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 50 കോടി രൂപ വീതവും ഉത്സവ ബത്ത നൽകാൻ 3 കോടിയും നൽകാനായിരുന്നു നിർദേശം.