കെ.എസ്.ആര്‍.ടി.സിയില്‍ ജോലിനഷ്ടപ്പെട്ടയാള്‍ ഡിപ്പോയ്ക്ക് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു

പിരിച്ചു വിട്ട കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരന്‍ കോട്ടയം ഡിപ്പോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സി പി എം മുട്ടാര്‍ പഞ്ചായത്ത് അംഗം തങ്കമ്മ സോമന്റെ മകന്‍ വി എസ് നിഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.

പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന കെഎസ്ആര്‍ ടി സി ജീവനക്കാര്‍ നിരവധിയാണ്. ഇതിനിടെയാണ് കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കെട്ടിടത്തിന് മുകളില്‍ കയറി ജീവനക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുട്ടനാട് സ്വദേശി വി എസ് നിഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് വര്‍ഷമായി എം. പാനല്‍ ജീവനക്കാരനാണ് ഇയാള്‍. സി പി എം പഞ്ചായത്ത് അംഗം തങ്കമ്മ സോമന്റെ മകന്‍ കൂടിയാണ് നിഷാദ്. മുട്ടാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗമാണ് തങ്കമ്മ.

സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. വീട്ടില്‍ വിളിച്ചറിയിച്ച ശേഷമാണ് നിഷാദ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന് മുകളില്‍ കയറിയത്. ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം നിലച്ചുവെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴി മുന്നില്‍ തെളിഞ്ഞില്ലെന്നും നിഷാദ് പറഞ്ഞു. ഇതിനിടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളുടെ പേരു വിവരം തിരക്കി ഫയര്‍ ഫോഴ്സ് എത്തിയതും പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ മടങ്ങി. ജോലി നഷ്ടപ്പെട്ടതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ജീവനക്കാരില്‍ പലരുടെയും മുന്നിലുള്ളത്.

Comments (0)
Add Comment