സെപ്റ്റംബറിലെ ശമ്പളം നല്‍കാന്‍ സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി; സമരം ചെയ്താല്‍ ജോലി പോലും ഉണ്ടാവില്ലെന്ന് മന്ത്രിയുടെ വിരട്ട്

Jaihind Webdesk
Friday, September 30, 2022

`

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം നല്‍കാനായി സർക്കാരിനോട് 50 കോടിയുടെ സഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നേരത്തേ യൂണിയനുകൾക്ക് ഈ ഉറപ്പ് നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അമ്പത് കോടി ധനസഹായം ചോദിച്ചിരിക്കുന്നത്. മാനേജ്‌മെന്‍റിൽ നിന്നുള്ള 30 കോടി കൂടി ഉപയോഗിച്ച് 80 കോടിയാണ് നിലവിൽ ശമ്പളം നൽകാൻ ആവശ്യമായി വേണ്ടത്.

എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകേണ്ട എന്നാണ് തീരുമാനം. സമരക്കാര്‍ തിരിച്ചെത്തുമ്പോള്‍ ജോലി പോലും കാണില്ലെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. അനിശ്ചിതകാല പണിമുടക്കിനാണ് തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ടിഡിഎഫിന്‍റെ നീക്കം.

അതേസമയം ഒക്ടോബർ 1 മുതൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് പരിഷ്കരണം നടപ്പാക്കുന്നത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ 8 ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്മെന്‍റ് പിന്മാറി. തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. തൊഴിലാളി നേതാക്കളുമായി മാനേജ്മെന്‍റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ധാരണ.