കെഎസ്ആർടിസി ശമ്പളപ്രതിസന്ധി: സമരത്തിലേക്ക് സിഐടിയുവും; ഗതാഗതമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

Jaihind Webdesk
Monday, May 16, 2022

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സിഐടിയുവും സമരത്തിലേക്ക്. പ്രശ്നങ്ങളില്‍ എംപ്ലോയീസ് അസോസിയേഷന് ശക്തമായി പ്രതികരിക്കാം. സമരം ചെയ്യാന്‍ സിഐടിയു ജനറല്‍ കൗണ്‍സില്‍ അനുമതി നല്‍കി. മന്ത്രിയുമായും മാനേജ്മെന്‍റുമായും പ്രശ്നം ചർച്ച ചെയ്യും. പരിഹാരമുണ്ടായില്ലെങ്കില്‍ സമരം അനിവാര്യമാണെന്നും സിഐടിയു ജനറല്‍ കൗണ്‍സിലില്‍ അഭിപ്രായമുയർന്നു.

ഗതാഗതമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് കൗണ്‍സിലില്‍ ഉയർന്നത്. മന്ത്രി തുടർച്ചയായി തൊഴിലാളികളെ അവഹേളിക്കുകയാണ്. ആന്‍റണി രാജുവിന്‍റേത് ഉത്തരവാദിത്വമില്ലാത്ത പ്രതികരണമാണെന്നും പണിമുടക്കിയവർ ശമ്പളം കണ്ടെത്തണം എന്ന നിലപാട് ശരിയല്ലെന്നും സിഐടിയു കൗണ്‍സിലില്‍ വിമർശനമുയർന്നു. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതില്‍ മന്ത്രിക്കും എംഡിക്കും വീഴ്ചപറ്റി.  കെഎസ്ആർടിസി മാനേജ്മെന്‍റും മന്ത്രിയും ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും എത്രയും വേഗം ശമ്പള  പ്രതിസന്ധി പരിഹരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. മെയ് 20 നകം ശമ്പളവിതരണം നടത്തുമെന്ന അനൗദ്യോഗിക ഉറപ്പാണ് മാനേജ്മെന്‍റ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സമരത്തിലേക്കെന്ന നിലപാടിലാണ് സിഐടിയു.