കെഎസ്ആർടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷം: സ്ഥാനമൊഴിയാന്‍ സിഎംഡി; അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി

Jaihind Webdesk
Saturday, July 15, 2023

 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. ശമ്പള പ്രതിസന്ധി തുടരുന്നതിനാല്‍ സിഎംഡി സ്ഥാനത്തു നിന്ന് ഒഴിയാന്‍ സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങൾ സമൂഹമാധ്യമത്തിലൂടെ വിശദീകരിക്കാനും നീക്കമുണ്ട്. ഇന്ന് വൈകിട്ട് 5 മുതൽ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. അതേസമയം ബിജു പ്രഭാകറിന്‍റെ രാജി സന്നദ്ധത താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

മാസം പകുതിയായിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. 20 ന് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സിഎംഡി ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശം. ധനവകുപ്പ് നൽകിയ പണം ഒരു ഗഡു വിതരണത്തിന് മാത്രമാണ് തികയുക. സാധാരണ അ‍ഞ്ചാം തീയതിക്കുള്ളിൽ നൽകുന്ന ആദ്യഗഡു ഇന്നലെ രാത്രി വൈകി വിതരണം ചെയ്തിരുന്നു. ഇങ്ങനെ തുടർന്നാൽ ഓണത്തിന് ജീവനക്കാർക്ക് ശമ്പളവും അലവൻസും ഉൾപ്പെടെ കൊടുക്കാൻ കഴിയില്ലെന്നും അതിനാൽ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് ബിജു പ്രഭാകർ.

അതേസമയം ശമ്പളമില്ലാത്തതിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇന്നലെ ബിജു പ്രഭാകറിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി. കെഎസ്ആർടിസിയെ വെടക്കാക്കി സ്വകാര്യവത്ക്കരിക്കാനാണ് മാനേജ്മെന്‍റ് നീക്കമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. ഇന്നലെ രാവിലെ കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിച്ച ബിഎംഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിനിടെ സിഎംഡിയുടെ ഓഫീസിന്‍റെ ചില്ല് തകർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16 നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.