ശമ്പള പ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി; ജീവനക്കാരെ കുറയ്ക്കാനുളള നീക്കം സജീവം

Jaihind Webdesk
Sunday, October 22, 2023


കെഎസ്ആര്‍ടിസി വീണ്ടും ശമ്പള പ്രതിസന്ധിയില്‍. സെപ്തംബര്‍ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇതുവരെ കൊടുത്തിട്ടില്ല. ഇതിനിടയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടേഷന്‍ നല്‍കി ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള നീക്കങ്ങളും സജീവമാക്കി. നിലവില്‍ കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് നല്‍കാനുള്ളത്. ഇതേതുടര്‍ന്ന് ശമ്പളം നല്‍കാനായി സര്‍ക്കാരിനോട് ഈ മാസം 50 കോടി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അനുവദിച്ച 30 കോടിയില്‍ നിന്ന് കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ഒന്നാം ഗഡു നല്‍കിയെങ്കിലും രണ്ടാം ഗഡു ഇതുവരെയും നല്‍കിയിട്ടില്ല. 40 കോടി ഉണ്ടെങ്കിലെ ജീവനക്കാരുടെ ശമ്പളം ഒരു പരിധിവരെയെങ്കിലും നല്‍കാന്‍ സാധിക്കു. എന്നാല്‍ കൂടുതല്‍ തുക അനുവദിക്കുന്നതില്‍ ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. അതേസമയം ശമ്പള പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസിയില്‍ നിന്ന് കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലേക്ക് മാറാന്‍ നിരവധി ജീവനക്കാര്‍ തയ്യാറായിട്ടുണ്ട്. കെഎസ്ആര്‍ടിസി പരിഷ്‌കരണത്തിനുള്ള സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രകാരം പതിനായിരം ജീവനക്കാരെ കുറയ്ക്കാന്‍ ലക്ഷ്യമിടുകയാണ്. അതിന്റെ ഭാഗമായാണ് ഡെപ്യൂട്ടേഷന്‍ പരിപാടിയെ സ്ഥാപനം തന്നെ പ്രോത്സാഹിപ്പിച്ചത്.