കെ.എസ്.ആർ.ടി.സി ഓടിത്തുടങ്ങി ; സര്‍വീസ് ജില്ലകള്‍ക്കുള്ളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ

Jaihind News Bureau
Wednesday, May 20, 2020

കൊവിഡ് പ്രതിരോധനത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകള്‍ കെ.എസ്.ആർ.ടി.സി പുനഃരാരംഭിച്ചു. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏർപ്പെടുത്തിയതോടെയാണ് പൊതുഗതാഗതം പുനഃരാരംഭിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ഓർഡിനറി സർവീസ് തുടങ്ങിയത്. 1850 സർവീസുകളാണ് ഇന്ന് കെ.എസ്.ആർ.ടി.സി നടത്തുന്നത്.

രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ കെ.എസ്.ആര്‍.ടി.സി ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് നിലവില്‍ സര്‍വീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.കൈകള്‍ അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ബസിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. മാസ്ക് ധരിക്കാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ആകെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയില്‍ താഴെ യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡും കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കും. ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർ‍ഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.

വിവിധ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ :

അതേസമയം സ്വകാര്യ ബസുകള്‍ ഓടിക്കില്ലെന്ന തീരുമാനത്തിലാണ് ഉടമകള്‍.  ഇന്ധനനിരക്കില്‍ ഇളവ് ഏര്‍പ്പെടുത്താതെ അധിക ചാർജ് ഈടാക്കിയതുകൊണ്ടുമാത്രം കാര്യമില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍.