
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കാലാവധി കഴിഞ്ഞിട്ടും റഫറണ്ടം നടത്താത്തത് സര്‍ക്കാരും മാനേജ്മെന്റും ഭരണപക്ഷ യൂണിയനുകളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം. വിന്‍സെന്റ് എംഎല്‍എ. ജീവനക്കാര്‍ക്കിടയിലെ കടുത്ത ഭരണവിരുദ്ധ വികാരം ഭയന്നാണ് റഫറണ്ടം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൂജ്യം ശതമാനം ഡിഎയില്‍ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ചും അനാവശ്യ ശിക്ഷണ നടപടികള്‍ സ്വീകരിച്ചും പീഡിപ്പിക്കുകയാണ്. ഇതിന് കൂട്ടുനില്‍ക്കുന്ന ഭരണപക്ഷ സംഘടനകള്‍ക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. ഈ വികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തിരിച്ചറിഞ്ഞാണ് റഫറണ്ടം നീട്ടിക്കൊണ്ടുപോകുന്നതെന്ന് വിന്‍സെന്റ് പറഞ്ഞു.
റഫറണ്ടം നടത്തേണ്ട സമയം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. കഴിഞ്ഞ ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഭരണപക്ഷ യൂണിയനുകള്‍ ചില വ്യക്തികളെക്കൊണ്ട് പരാതി നല്‍കിച്ചും മറ്റും അത് അട്ടിമറിക്കുകയായിരുന്നു. തുടര്‍ന്ന് ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കുകയും റഫറണ്ടം അടിയന്തരമായി നടത്തണമെന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ കോടതി ഉത്തരവ് വന്നിട്ടും നടപടി സ്വീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റഫറണ്ടം ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് ലേബര്‍ കമ്മീഷണര്‍ക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്ത് നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ജനാധിപത്യപരമായ അവകാശത്തെ ഇനിയും അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് എം. വിന്‍സെന്റ് എംഎല്‍എ അറിയിച്ചു.