എല്‍ഡിഎഫ് ഭരണത്തില്‍ കെഎസ്ആർടിസി ചരിത്രം കുറിച്ചെന്ന് മുഖ്യമന്ത്രി: പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Jaihind Webdesk
Thursday, May 12, 2022

ശമ്പളം നല്‍കാന്‍ പോലും കഴിയാതെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കെഎസ്ആർടിസി. വേതനം ലഭിക്കാന്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളും പ്രതിഷേധത്തിലും സമരത്തിലുമാണ്. ജീവനക്കാർക്ക് ശമ്പളം നല്‍ക്കേണ്ടത് മാനേജ്മെന്‍റാണെന്നും സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഗതാഗത മന്ത്രിയും കെഎസ്ആർടിയിയെ കയ്യൊഴിഞ്ഞു. മന്ത്രിയുടെ നിലപാടില്‍ പ്രതിപക്ഷവും ജീവനക്കാരും പ്രതിഷേധിച്ച്  രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് 2019 ജനുവരി 17 ന് കെഎസ്ആർടിസി യെ കുറിച്ചുള്ള പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രം പഴങ്കഥയാകുന്നു. കെഎസ്ആർടിസി സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കുകയാണ്. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കും. സർക്കാർ ധനസഹായവും ബാങ്ക് വായ്പയും ഇല്ലാതെ ശമ്പളം നല്‍കാന്‍ കഴിയാറില്ലെന്ന ചരിത്രമാണ് ഭരണത്തിന്‍റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ തിരുത്തിയത്.
31,270 സ്ഥിരം ജീവനക്കാരും 3926 താത്ക്കാലിക ജീവനക്കാരുമാണ് കെ എസ് ആർ ടി സിയിലുള്ളത്. ഇവരുടെ ശമ്പള ആവശ്യങ്ങൾക്കായി 90 കോടിയോളം രൂപ ചെലവഴിക്കേണ്ടി വരും.
സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വരുമാന വർധനവിന് വേണ്ടി കൈക്കൊണ്ട നടപടികളുടെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. ഇലക്ട്രിക് ബസ് ഉൾപ്പെടെ നിരത്തിലിറക്കി നടത്തിയ പരിഷ്ക്കരണവും കെഎസ്ആർടിസി ക്ക് കരുത്തു പകർന്നു.

മുഖ്യമന്ത്രി പോസ്റ്റിട്ട് മൂന്നാം വർഷം അടച്ചുപൂട്ടലിന്‍റെ വക്കിലേക്കാണ് കെഎസ്ആർടിസി നീങ്ങുന്നത്. രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തിന് മുന്‍പ് കെഎസ്ആർടിസി ക്ക് താഴിടുമോയെന്നും  സമൂഹ മാധ്യമങ്ങളില്‍ വിമർശനമുയരുന്നു.