കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ബസ്! പ്രതിഷേധിച്ച് യാത്രക്കാർ; സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയെന്ന് ആക്ഷേപം

 

മലപ്പുറം: കെഎസ്ആർടിസിയുടെ മലപ്പുറം – മൂന്നാർ ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പാടാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ മൂന്നാറിലേക്ക് പുറപ്പെടാനുള്ള കെഎസ്ആർടിസി – ബസ് സർവീസാണ് അധികൃതർ സ്വകാര്യ ടൂറിസ്റ്റ് ബസിനെ ഏൽപ്പിച്ചത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് കെഎസ്ആർടിസി തന്നെ മൂന്നാർ സർവീസ് നടത്തി കൂടുതൽ വിവാദത്തിൽ നിന്നും പിൻവാങ്ങി.

കെഎസ്ആർടിസി മലപ്പുറം ഡിപ്പോയ്ക്ക് ഏറെ വരുമാനം നേടിതരുന്ന മൂന്നാർ ഉല്ലാസയാത്രയ്ക്കാണ് സ്വകാര്യ ബസ് ഏർപ്പാടാക്കിയത്. രാവിലെ യാത്രക്കൊരുങ്ങി എത്തിയവർ ഡിപ്പോയിൽ തയാറാക്കി നിർത്തിയിരുന്ന സ്വകാര്യ ബസ് കണ്ട് പ്രതിഷേധിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്ക് ഉല്ലാസയാത്ര എന്ന് കണ്ടാണ് മുൻകൂട്ടി ബുക്ക് ചെയ്ത് കുട്ടികളടക്കമുള്ളവരുമായി ഉല്ലാസയാത്രയ്ക്ക് പലരും ഈ സൗകര്യം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ബസ് മാറിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. കെഎസ്ആർടിസി ബസ് കേടാണെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.

കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള ഒത്തുകളിയെ തുടർന്നാണ് ബസ് മാറ്റിയതെന്ന് യാത്രക്കാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മലപ്പുറം പോലീസ് കെഎസ്ആർടിസി ഡിപ്പോയിലെത്തി യാത്രക്കാരുമായും ഡിപ്പോ അധികൃതരുമായും ചർച്ച നടത്തി. ഒടുവിൽ യാത്രക്കായി കെഎസ്ആർടിസി ബസ് തന്നെ വിട്ടുനൽകുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾ നീണ്ട മൂന്നാർ ഉല്ലാസയാത്രയുടെ അനിശ്ചിതത്വം നീങ്ങി.

Comments (0)
Add Comment