കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ ജോലി സ്ഥിരപ്പെടുമെന്ന മോഹം പൊലിയുന്നു

Jaihind Webdesk
Thursday, June 13, 2019

KSRTC M Panel

കെഎസ്ആർടിസിയിൽ പത്തുവർഷത്തിലധികം സർവീസുള്ള എംപാനൽ ജീവനക്കാരുടെ ജോലി സ്ഥിരപ്പെടുമെന്ന മോഹം പൊലിയുന്നു. നേരത്തെ കാലാവധി അവസാനിച്ചതും നിലവിലുള്ളതുമായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചതോടെയാണ് എംപാനൽ ജീവനക്കാർക്ക് സ്ഥിരനിയമനം വിദൂരസ്വപ്നമായി മാറിയത്.

പല തസ്തികകളിലും നൂറുകണക്കിനു പേരാണ് താത്കാലിക ജീവനക്കാരായി ജോലിനോക്കുന്നത്. കെഎസ്ആർടിസിയിലെ മുഴുവൻ താത്കാലിക പെയിന്‍റിംഗ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു്. ഇതോടെ 800 പേർക്ക് ജോലി നഷ്ടമാകും. നിലവിലുള്ള എംപാനൽഡ് പെയിന്റർമാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഉത്തരവ്.

2015ൽ കാലാവധി അവസാനിച്ച റാങ്ക് ഹോൾഡേഴ്സാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു പുറമെ നേരത്തെ കാലാവധി അവസാനിച്ച മിനിസ്റ്റീരിയൽ, മെക്കാനിക്കൽ റാങ്ക് ഹോൾഡേഴ്സും കോടതിയെ സമീപിക്കുകയാണ്. ഇവർക്ക് അനുകൂലമായി കോടതിവിധിയുണ്ടായാൽ 2100 താത്കാലിക മിനിസ്റ്റീരിയൽ ജീവനക്കാരും 1600 മെക്കാനിക്കൽ ജീവനക്കാരെയും പിരിച്ചുവിടേണ്ടി വരും. ഇതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും.

ഈ മാസം 30നാണ് എംപാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള അവസാന തിയതി. 1650 എംപാനൽ ഡ്രൈവർമാരെയും ഏപ്രിൽ 30നകം പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നുമായിരുന്നു ഉത്തരവ്. ഈ തീരുമാനം ഉടൻ നടപ്പാക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസായതിനാൽ അവിടെ തീരുമാനമെടുത്താൽ മതിയെന്നായിരുന്നു നിർദ്ദേശം.