കെഎസ്ആർടിസി ലോഫ്‌ളോർ ഏ.സി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്ത്

Jaihind Webdesk
Thursday, May 9, 2019

കെഎസ്ആർടിസിയുടെ ലോഫ്‌ളോർ ഏ.സി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്ത്. യഥാസമയം അറ്റകുറ്റപണി നടത്താതെ കട്ടപ്പുറത്തായത് 373 ലോ ഫ്‌ലോർ ബസുകളാണ്. 2008 ൽ മൻമോഹൻസിങ്ങ് സർക്കാർ കൊണ്ട് വന്ന ലോ ഫ്‌ലോർ ബസുകൾ മറ്റു സംസ്ഥാനങ്ങളിൽ കാര്യക്ഷമമായി സർവീസ് നടത്തുമ്പോഴാണ് കേരളത്തിലെ ഈ ദുരവസ്ഥ.

ദിവസം ശരാശരി 30,000 രൂപ വരുമാനമുള്ള ബസുകൾ കട്ടപ്പുറത്തായതോടെ പ്രതിമാസം കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. നഗരങ്ങളിലെ ഗതാഗത സൗകര്യം വർധിപ്പിക്കാനായി 2008ൽ കൊണ്ടുവന്ന ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിനീവൽ മിഷന്റെ ഭാഗമായാണ് ലോ ഫ്‌ലോർ ബസുകൾ അനുവദിച്ചത്. 2015ൽ ഇതിന്റെ നടത്തിപ്പിനായി കെ.യു.ആർ.ടി.സി എന്ന പേരിൽ പ്രത്യേക കമ്പനിക്ക് രൂപം നൽകി. ബസുകളുടെ 80 % കേന്ദ്രവും 10% സംസ്ഥാനവും 10% കെ.എസ്.ആർ.ടി.സിയുമാണ് വഹിക്കുന്നത്. ഇന്ന് വോൾവോ – ടാറ്റാ എന്നീ കമ്പനികളുടെ ലോ ഫ്‌ലോർ ബസുകൾ 12 ജില്ലകളിൽ സർവീസ് നടത്തുന്നു. ശരാശരി ഒരു ബസിന് 30,000 രൂപ വരുമാനം ലഭിക്കും. എന്നാൽ കെടുകാര്യസ്ഥത കാരണം കെ.യു.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.

190 എസിയും 529 നോൺ എസി ബസുകളടക്കം 719 ബസുകളാണ് ഉള്ളത്. പക്ഷേ 346 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. 373 എണ്ണം സർവീസ് നടത്തുന്നില്ല. 157 ബസുകൾ അറ്റകുറ്റപണി നടത്താതെ കട്ടപ്പുറത്താണ് ഭൂരിഭാഗം ബസുകളും. 52 എസി ബസുകൾ ഉൾപ്പെടെ 216 ബസുകൾ വെറുതെ സ്‌പെയർ എന്ന പേരിൽ ഷെഡിൽ ഒതുക്കിയിട്ടിരിക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു.