കെഎസ്ആർടിസി ശമ്പളപ്രതിസന്ധി തുടരുന്നു; ദുരിതത്തിലായി ജീവനക്കാർ, കൈയൊഴിഞ്ഞ് സർക്കാർ

Jaihind Webdesk
Monday, May 16, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ജീവനക്കാരെ കൈയൊഴിഞ്ഞ് സർക്കാർ. സ്ഥിരമായി കെഎസ്ആർടിസിക്ക് പണം നൽകാനാകില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. മാനേജ്മെന്‍റ് ശമ്പള തുക സ്വയം കണ്ടെത്തണമെന്നും ധനമന്ത്രി വ്യക്തമാക്കി. പത്താം തീയതി ജീവനക്കാർക്ക് ശമ്പളം നൽകാമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ ഉറപ്പ്.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിൽ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ജീവനക്കാരെ പൂർണ്ണമായും കൈയൊഴിഞ്ഞുകൊണ്ട് ധനകാര്യവകുപ്പ് നിലപാട് വ്യക്തമാക്കുന്നത്. സ്ഥിരമായി കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ശമ്പളത്തിനുള്ള തുക കെഎസ്ആർടിസി സ്വയം കണ്ടെത്തണം. നിലവിലെ പ്രതിസന്ധിക്ക് കാരണം ഡീസൽ വില വർധനവാണെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

ഈ മാസം പത്താം തീയതി ജീവനക്കാർക്ക് ശമ്പളം നൽകാമെന്നായിരുന്നു സർക്കാരിന്‍റെയും മാനേജ്മെന്‍റിന്‍റെയും ഉറപ്പ്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ശമ്പളം എന്ന് നൽകുമെന്നതിൽ ഇതുവരെയും വ്യക്തത ഉണ്ടായിട്ടില്ല. ശമ്പള പ്രതിസന്ധിയിൽ ജീവനക്കാർക്കെതിരെ മുഖം തിരിക്കുന്ന നിലപാട് ആണ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും സ്വീകരിച്ചിരുന്നത്. അതേസമയം ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം. ഭരണാനുകൂല സംഘടനയായ എഐടിയുസി നാളെ പ്രതിഷേധസൂചകമായി സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തും. ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് സിഐടിയു.