കെഎസ്ആര്‍ടിസി ബസ് മനപൂര്‍വം വെട്ടിച്ചത് അപകടമുണ്ടാക്കി; ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം

Jaihind Webdesk
Saturday, April 2, 2022

പാലക്കാട്: കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം. ഡ്രൈവർ ബസ് മനപൂര്‍വം വെട്ടിച്ച് യുവാക്കളെ അപകടപ്പെടുത്തിയതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെയാണ് നടപടി.

ഐപിസി 304-ാം വകുപ്പ് ചുമത്തിയാണ് കെഎസ്ആർടിസി ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെതിരെ കേസെടുത്തത്. കാവശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തില്‍ ലോറിയെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് വലത്തേക്ക് വെട്ടിച്ചതോടെ ബൈക്ക് ലോറിയില്‍ തട്ടുകയും ബസിനടിയിലേക്ക് വീഴുകയുമമായിരുന്നു. വടക്കാഞ്ചേരി ‍ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് യുവാക്കളുടെ മരണത്തിനിടയാക്കിയത്.

ഡ്രൈവര്‍ക്കെതിരെ ബസിലെ യാത്രക്കാര്‍ തന്നെ മൊഴി നല്‍കിയിട്ടും തുടക്കത്തില്‍ പോലീസ് ഇത് ഗൗരവമായി കണ്ടില്ലെന്ന് മരിച്ച യുവാക്കളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ബൈക്കിനോട് ചേർന്ന് അപകടകരമായ വേഗത്തില്‍ ഓവർടേക്ക് ചെയ്ത ബസ് ബോധപൂര്‍വം വലത്തേക്ക് വെട്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തത്.