കെ.എസ്.ആർ ടി സി യിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി; ശബരിമല സർവീസുകളെയും ബാധിച്ചേക്കും

കെ.എസ്.ആർ ടി സി യിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി. നിലവിലെ പ്രതിസന്ധി ശബരിമല സർവീസുകളെയും ബാധിച്ചേക്കും. ശബരിമല സീസണിലെ ബസുകൾക്കായി എല്ലാവർഷവും സർക്കാർ നൽകാറുള്ള പ്രത്യേക വിഹിതം ഇത്തവണ നൽകാത്തതാണ് കെ. എസ്.ആർ.ടി.സിയെ കുടുതൽ പ്രതിസന്ധിയിലാക്കിയത്.

ശബരിമല ക്രമീകരണങ്ങൾക്കായി എല്ലാ വർഷവും സർക്കാർ കെഎസ്ആർടിസിക്ക് പ്രത്യേക വിഹിതം അനുവദിക്കാറുണ്ട്. ഇത്തവണ 70 കോടി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് നിരസിച്ചു. ബസുകളുടെ അറ്റകുറ്റ പണികൾക്കും മറ്റുമായാണ് ഈ തുക ആവശ്യപ്പെട്ടത്. സർക്കാരിൽ നിന്ന് തുക കിട്ടാതെ വന്നതോടെ സ്വന്തം അക്കൗണ്ടിൽ നിന്നും 14 കോടി രൂപ മുടക്കി കെ.എസ്.ആർ ടി സി ശബരിമല സർവീസ് ബസുകളുടെ കുറ്റപ്പണി നടത്തി. ഇതോടെ രൂക്ഷമായ പ്രതിസന്ധിയിൽ കോർപ്പറേഷൻ അകപ്പെട്ടു. ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങി. കഴിഞ്ഞ മാസത്തെ പകുതി ശമ്പളം മാത്രമാണ് ഇതുവരെ ജീവനക്കാർക്ക് നൽകിയത്.

സർക്കാർ വിഹിതം ഇനിയും ലഭിച്ചില്ലെങ്കിൽ ശേഷിക്കുന്ന ശമ്പളം നൽകാനാവാത്ത അവസ്ഥയാണ്. 37 കോടി രൂപയാണ് ശമ്പളം നൽകാൻ ഇനി വേണ്ടത്. കഴിഞ്ഞ നാലു മാസത്തിനിടെ സർക്കാർ പ്രതിമാസ വിഹിതത്തിൽ നിന്ന് കുറച്ച 19 കോടി രൂപയെങ്കിലും ഉടൻ അനുവദിക്കണമെന്നും കെ.എസ്.ആർ ടി പി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ വെട്ടിച്ചുരുക്കിയതോടെ സംസ്ഥാനത്ത് ദിവസേന നിരവധി സർവീസുകളാണ് മുടങ്ങുന്നത്. നിലവിലെ പ്രതിസന്ധി ശബരിമല സർവ്വീസുകളെയും ബാധിക്കും. പുതിയ ബസുകൾ ഇല്ലാതെയും ബസുകൾ കാര്യമായ അറ്റകുറ്റപ്പണി നടത്താതെയുമാണ് ഇത്തവണ കെ.എസ്.ആർ ടി സി ശബരിമല സർവീസ് നടത്തുന്നത്.

മുൻ സർക്കാരുകളുടെ കാലത്ത് ശബരിമല സീസണിലേക്കായി പുതിയ ബസുകൾ നിരത്തിലിറക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലേറിയതോടെ കെഎസ്ആർടിസിയെ പൂർണ്ണമായും അവഗണിക്കുകയാണ്.  ഓരോ ദിവസം കഴിയുന്തോറും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്കാണ് കെ.എസ്.ആർ ടി സി നീങ്ങുന്നത്.

SabarimalaKSRTC
Comments (0)
Add Comment