പത്തനംതിട്ടയില്‍ കെഎസ്‍ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 ശബരിമല തീർത്ഥാടകർക്ക് പരിക്ക്

 

പത്തനംതിട്ട: പമ്പ പാതയിൽ ളാഹ, വിളക്കുവഞ്ചിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 20 ഓളം പേർക്ക് പരിക്കുകൾ ഉണ്ട്. ആർക്കും ഗുരുതരമായ പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ഓടെ പമ്പയിൽ നിന്നും നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് മറിഞ്ഞത്. ഈ മണ്ഡല- മകരവിളക്ക് സീസണിൽ ളാഹ വിളക്കുമാടം ഭാഗത്ത് തീർത്ഥാടക വാഹനങ്ങൾ മൂന്നാം തവണയാണ് അപകടത്തിൽപ്പെടുന്നത്.

നവംബർ മാസം 19 ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 20 ഓളം തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. ഈ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിക്കുകയും ദേശീയ പാതാ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ വരുത്തി പരിശോധന നടത്തിക്കുകയും ചെയ്തെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. പിന്നീട് ഡിസംബർ മാസം 21 ന് ഇവിടെത്തന്നെ തമിഴ്നാട് തിരുവള്ളൂരിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും ആർക്കും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.

Comments (0)
Add Comment