പത്തനംതിട്ടയില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം; 3 പേരുടെ നില ഗുരുതരം

Saturday, March 11, 2023

പത്തനംതിട്ട: കിഴവള്ളുരിൽ വാഹനാപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കാറിലിടിച്ച ബസ് പിന്നീട് റോഡരികിലുള്ള പള്ളിയുടെ ചുറ്റുമതിലും കമാനവും ഇടിച്ചു തകർത്തു.

പത്തനംതിട്ടയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വശത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ ചുറ്റുമതിലും ​ഗേറ്റും തകർത്തു. പള്ളിയുടെ കമാനം ബസിനു മുകളിലേക്ക് പൊട്ടിവീണു.

അപകടത്തിൽ പരിക്കേറ്റ എട്ട് പേർ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ഒരാൾ കെഎസ്ആർടിസി ഡ്രൈവർ ആണ്.