ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ പകുതിയും ഒഴുകുന്നത് കേരളത്തിലേക്ക് : പ്രവാസി ചിട്ടിയിലേക്ക് മണി എക്‌സ്‌ചേഞ്ചുകള്‍ വഴി പണം അയക്കാന്‍ ചര്‍ച്ച തുടങ്ങി ; ‘ഫെര്‍ജു’മായി കൈകോര്‍ക്കുന്നു

ദുബായ് : കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ വരിക്കാരാകുന്നവര്‍ക്ക് ഇനി എക്‌സ്‌ചേഞ്ച് സെന്‍ററുകള്‍ വഴി യു.എ.ഇയില്‍ നിന്ന് പണം അയക്കാനുള്ള പുതിയ സംവിധാനത്തിന് ചര്‍ച്ചകള്‍ തുടങ്ങി. യു.എ.ഇ സന്ദര്‍ശനത്തിന് എത്തിയ കേരള ധനമന്ത്രി തോമസ് ഐസക്ക് ഇതുസംബന്ധിച്ച് എക്‌സ്‌ചേഞ്ച് സെന്‍ററുകളുടെ കൂട്ടായ്മയായ ഫെര്‍ജുമായി ചര്‍ച്ച നടത്തി. തുടര്‍ചര്‍ച്ചകള്‍ക്കായി ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ഉടന്‍ രൂപീകരിക്കും.

പ്രവാസി ചിട്ടിയില്‍ വരിക്കാരാകുന്നവര്‍ക്ക് ബാങ്ക് വഴി അല്ലാതെ ഇനി മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയും പണം അയക്കാവുന്ന പുതിയ സംവിധാനത്തിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച് എക്‌സ്‌ചേഞ്ച് സെന്‍ററുകളുടെ യു.എ.ഇയിലെ പൊതുകൂട്ടായ്മയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പുമായി ( ഫെര്‍ജ് )  സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചര്‍ച്ച നടത്തി. എന്നാല്‍ ചിട്ടിയിലേക്ക് പണം അയക്കുന്ന വ്യക്തിയുടെ കസ്റ്റമര്‍ സേവനങ്ങള്‍ (കെ.വൈ.സി) ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇതിനിടെ തുടര്‍ചര്‍ച്ചകള്‍ക്കായി ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. കെ.എസ്.എഫ്.ഇയിലെയും ഫെര്‍ജിലെയും അംഗങ്ങള്‍ കമ്മിറ്റിയില്‍ അംഗങ്ങളാകും. ഫെര്‍ജ് പ്രസിഡന്‍റ് മുഹമ്മദ് അല്‍ അന്‍സാരി, ഫെര്‍ജ് സെക്രട്ടറിയും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡിയുമായ അദീബ് അഹമ്മദ്, വൈസ് പ്രസിഡന്‍റ് ഒസാമ അല്‍ റഹ്മ, ട്രഷറര്‍ രാജീവ് റായ് പന്‍ചോളിയ, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഷാമില്‍ കെ.പി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന തുകയില്‍ പകുതിയും ഒഴുകുന്നത് കേരളത്തിലേക്കാണെന്ന്  ഫെര്‍ജ് സെക്രട്ടറി കൂടിയായ മലയാളി അദീബ് അഹമ്മദ്  പറഞ്ഞു.  പ്രവാസി ചിട്ടിക്കായി എക്‌സ്‌ചേഞ്ച് വഴി പണം അയക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്‍റെ അനുമതിയ്ക്കായി കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഇതോടൊപ്പം എക്‌സ്‌ചേഞ്ചുകള്‍ വഴി  പണം അയക്കുമ്പോള്‍ ഈ സേവനം സൗജന്യമായോ കുറഞ്ഞ സര്‍വീസ് ചാര്‍ജിലോ നടപ്പാക്കുന്നതും പരിഗണനയിലാണ്. ഫെര്‍ജിന്‍റെ ഉപഹാരം തോമസ് ഐസക്കിന് ചടങ്ങില്‍ സമ്മാനിച്ചു. തോമസ് ഐസക്ക് തന്‍റെ പുസ്തകം ഫെര്‍ജ് ഭാരവാഹികള്‍ക്ക്  സമ്മാനിച്ചു.

Comments (0)
Add Comment