ആദിവാസികളുടെ ഉന്നമനത്തിനെന്ന പേരില്‍ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് ( ഏജന്‍സി ഫോര്‍ ന്യു ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി ) അട്ടപ്പാടിയില്‍ നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ നടപ്പാക്കിയ പദ്ധതികളില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയതായി പാലക്കാട്ട് നടത്തിയ മാധ്യമ സമ്മേളനത്തിലാണ് സുമേഷ് അച്യുതന്‍ ചൂണ്ടി കാട്ടിയത്.
കോടികള്‍ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി താഴെതുടുക്കിയില്‍ ഭാഗികമായും മേലെ തുടുക്കിയില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാത്ത നിലയിലാണിപ്പോള്‍ അടിമുടി ക്രമവിരുദ്ധമായി നടപ്പാക്കിയ പദ്ധതിയില്‍ സാധന സാമഗ്രികള്‍ കടത്തുന്നതിന് പണിക്കൂലിയായി ആദിവാസികള്‍ക്കു നല്‍കിയെന്ന പേരില്‍ അനുവദിച്ച 89 ലക്ഷത്തോളം രൂപയില്‍ 5 ലക്ഷം രൂപ പോലും ഊരുവാസികള്‍ക്കു നല്‍കിയില്ല. പണിക്കൂലി പോലും ലഭിച്ചില്ലെന്ന് ഊരുവാസികള്‍ പറയുന്നു. ടെണ്ടര്‍ നടപടികള്‍ കാറ്റില്‍ പറത്തിയും യോഗ്യതയില്ലാത്ത കമ്പനിയ്ക്ക് കരാര്‍ നല്‍കിയതുമാണ് പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയും ഗൂഢാലോചന നടത്തിയാണ് ഈ അഴിമതികള്‍ നടത്തിയത്.
താഴെ തുടുക്കി ഉന്നതിയില്‍ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 2021 ഡിസംബര്‍ 21-ന് ക്ഷണിച്ച 1. 44കോടി രൂപയുടെ ടെണ്ടറില്‍ യോഗ്യതയുള്ള ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്.ഒരു കമ്പനിയില്‍ നിന്നു മാത്രം ടെണ്ടര്‍ ലഭിച്ചാല്‍ റീ ടെണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് തെലുങ്കാന ആസ്ഥാനമായ വിന്‍ഡ്‌സ്ട്രീം എനര്‍ജി ടെക്‌നോളജി എന്ന പ്രൈവറ്റ് കമ്പനിയ്ക്ക് ടെണ്ടറില്‍ രേഖപ്പെടുത്തിയ തുകയ്ക്കു തന്നെ കരാര്‍ ഉറപ്പിച്ചു നല്‍കിയത് .
കൂടാതെ ടെണ്ടറില്‍ പറഞ്ഞതില്‍ നിന്നും 27.66 ലക്ഷം രൂപ കൂടുതല്‍ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം തള്ളുന്നതിനു പകരം 2023 ജൂലായ് 19-ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനര്‍ട്ടിന്റെ ഗവേര്‍ണിംഗ് ബോഡി യോഗം തുക നല്‍കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. അനര്‍ട്ടിന്റെ ചെയര്‍മാനായ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയ്ക്കും അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയ്ക്കും ഈ അഴിമതിയിലെ പങ്കുണ്ടെന്നുള്ളത് വ്യക്തമാകുന്നു.