ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥ; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കെ.എസ്.ഇ.ബി

Jaihind Webdesk
Thursday, January 25, 2024


കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വായ്പ
എടുക്കേണ്ട അവസ്ഥയാണ്. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കി പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ഇബിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്താനിരിക്കുന്നത്. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിര്‍ദേശം നല്‍കി. ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31ന് മുമ്പായി കമ്മീഷന്‍ ചെയ്യുന്നവയ്ക്ക് മാത്രം പണം അനുവദിക്കും.

2024-2025 തുടങ്ങേണ്ട പദ്ധതികള്‍ ചുരുക്കും. ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും നല്‍കുന്നതിന് പുറത്തുനിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവില്‍ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ കുറഞ്ഞതും പ്രതിസന്ധിയായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.