ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു, അടിയന്തര ഇടപെടല്‍ വേണം; വൈദ്യുതി മന്ത്രിക്ക് കെഎസ്ഇബി പെന്‍ഷന്‍കാരുടെ നിവേദനം

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി പുനഃസംഘടിപ്പിച്ചതിനു പിന്നാലെ ആനുകൂല്യങ്ങള്‍ നഷ്ടമായതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പെന്‍ഷന്‍കാരുടെ കൂട്ടായ്മ വൈദ്യുതിവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

ബോര്‍ഡിനെ കമ്പനിയായി പുനഃസംഘടിപ്പിച്ചപ്പോള്‍ സര്‍വീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും ആര്‍ജിത ആനുകൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന  ഉറപ്പ് പൂര്‍ണ്ണമായി പാലിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ പറയുന്നു. കമ്പനി ആക്കുന്നതിന് മുമ്പ് സര്‍വീസിലുണ്ടായിരുന്നതും അതിനുശേഷം വിരമിക്കുകയും ചെയ്തവരുടെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ പ്രശ്നങ്ങളുള്ളതായി പെന്‍ഷന്‍കാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

ബോര്‍ഡിനെ കമ്പനിയായി മാറ്റുമ്പോള്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാകുമെന്ന് ബോര്‍ഡിന്‍റെ കൈമാറ്റ സ്‌കീമിലും തൃകക്ഷി കരാറിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ നല്‍കാന്‍ രൂപീകരിച്ച മാസ്റ്റര്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം നിലവില്‍ കാര്യക്ഷമമല്ലെന്നും പെന്‍ഷന്‍കാരുടെ കൂട്ടായ്മ പറയുന്നു. ട്രസ്റ്റിന്‍റെ യോഗം പോലും ഇപ്പോള്‍ കൂടാറില്ലെന്നും പ്രശ്നത്തിന് പരിഹാരം കാണാന്‍ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും നിവേദനത്തില്‍ പറയുന്നു.