ബില്ലടക്കാത്തതില്‍ വൈദ്യുതി വിഛേദിച്ചു : ജീവനക്കാരനെ ഓഫീസില്‍ കയറി ഡിവൈഎഫ്ഐ പ്രവർത്തകന്‍ മർദ്ദിച്ചു

Jaihind Webdesk
Saturday, April 23, 2022

കറന്‍റ്  ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിഛേദിച്ചതിന്‍റെ  പേരിൽ കെ എസ് ഇ ബി ജീവനക്കാരനെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഓഫീസിൽ കയറി മർദിച്ചു.കോഴിക്കോട് പുതുപ്പാടി കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരനായ രമേശിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ നഹാസ് മർദിച്ചത്. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.

വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന് നഹാസിന്‍റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചിരുന്നു. ഇതേ തുടർന്ന് വൈകുന്നേരം അഞ്ചര മണിക്കാണ് പണമടക്കാൻ നഹാസ് കെഎസ്ഇബി ഓഫീസിൽ എത്തിയത്. എന്നാൽ ഇടപാട് സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണമടച്ച് വന്നാൽ വൈദ്യുതി പുന:സ്ഥാപിക്കാമെന്ന് ജീവനക്കാർ മറുപടി നൽകി. എന്നാൽ ഓൺലൈനിൽ പണം അടക്കാൻ കഴിയില്ലെന്നും കൈയിലുള്ള പണം സ്വീകരിച്ച് വൈദ്യുതി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു, ഇത് പ്രായോഗികമല്ലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന സീനിയർ സൂപ്രണ്ടുമായി ഏറെ നേരം വാക്കേറ്റമുണ്ടായി, ഇതിനിടയിൽ മറ്റു ജീവനക്കാരും ഇടപെട്ടു.പിന്നീട് നാട്ടുകാരിൽ ഒരാൾ പ്രശ്നത്തിൽ ഇടപെട്ട് ഓൺലൈൻ വഴി പണം അടക്കാനുള്ള കാര്യങ്ങൾ ചെയ്തു.

ഇതോടെ പിരിഞ്ഞു പോകുന്ന അവസരത്തിൽ ഓഫീസിന്‍റെ താഴെ നിലയിൽ വെച്ച് മസ്ദൂറായ രമേഷനെ മർദ്ധിക്കുകയായിരുന്നു. തന്‍റെ മേലുദ്യോസ്ഥനുമായി ഉണ്ടായ വാക്കേറ്റത്തിനിടയിൽ ഇടപെട്ടതാണ് തനിക്കെതിരെ ആക്രമമുണ്ടാവാൻ കാരണമെന്നും, നഹാസ് പുറത്ത് പോയ ശേഷം പിന്നീട് കൂടുതൽ ആളുകളുമായി ഒഫീസിൽ എത്തിയതായും ജീവനക്കാർ പറഞ്ഞു