സാധാരണക്കാരുടെ അമിത വൈദ്യുതി ചാര്‍ജ് എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ്; ജനദ്രോഹനടപടിക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം | VIDEO

Jaihind News Bureau
Tuesday, June 16, 2020

 

കൊവിഡിന്‍റെ മറവില്‍ നടന്ന പകല്‍കൊള്ളയാണ് വൈദ്യുതി ചാര്‍ജ് വര്‍ധനവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിപിഎല്‍, എപിഎല്‍ വിഭാഗക്കാരുടെ അമിത വൈദ്യുതി ചാര്‍ജ് എഴുതി തള്ളണമെന്നും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുകയാണ്.  ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ ഇരു സർക്കാരുകളും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കുറിച്ച് ചിന്തിക്കാത്ത സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ധനവില വര്‍ധനവിന്‍റെ മറവില്‍ നടക്കുന്നത് പകല്‍ കൊള്ളയാണ്. മോദി ഇന്ധനവില വര്‍ധിപ്പിച്ച് പകൽകൊള്ള നടത്തുമ്പോൾ  സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച്  ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഒരു രൂപയുടെ വരുമാനം ഇല്ലാത്ത കാലത്ത് സാധാരണക്കാരന്‍റെ അമിത വൈദ്യുതി ചാര്‍ജ് എഴുതിതള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി വകുപ്പ് അഴിമതിയുടെ കൂടാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രിയും സര്‍ക്കാരും ചേര്‍ന്നുള്ള ഒത്തുകളിയാണ് ചാര്‍ജ് വര്‍ധനവിനുപിന്നില്‍. കൊവിഡ് സാഹചര്യം മുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ ജില്ലകളില്‍ വൈദ്യുതി ഓഫീസുകള്‍ക്കുമുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.