തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സർക്കാരിന്‍റെ യുവജന വഞ്ചനക്കെതിരായ വിധിയെഴുത്താകും : കെ.എസ് ശബരീനാഥൻ

Jaihind News Bureau
Sunday, March 21, 2021

 

തിരുവനന്തപുരം : ഇടത് സർക്കാരിന്‍റെ യുവജന വഞ്ചനയ്ക്കെതിരായ വിധിയെഴുത്താകും ഈ നിയമസഭ തെരഞ്ഞെടുപ്പ് എന്ന് അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ശബരീനാഥൻ. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ആണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ജയ്‌ഹിന്ദ്‌ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ആറു വർഷം അരുവിക്കര നിയോജക മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് കെ.എസ് ശബരീനാഥൻ ഇക്കുറി ജനവിധി തേടുന്നത്. മണ്ഡലത്തിൽ നിറസാന്നിധ്യം ആയതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതികരണം അനുകൂലമാണെന്ന് ശബരീനാഥൻ പറയുന്നു.

കഴിഞ്ഞകാലങ്ങളിൽ സർക്കാരിനെതിരെ നടന്ന യുവജന പ്രതിഷേധങ്ങളിൽ മുന്നണി പോരാളിയായിരുന്നു ശബരീനാഥൻ. സർക്കാറിന്റെ യുവജന വഞ്ചനയ്ക്കുള്ള മറുപടി കൂടിയാകും ഈ തെരഞ്ഞെടുപ്പ് എന്നാണ് ശബരിനാഥന്‍റെ അഭിപ്രായം. പുതുമുഖത്തെ ഇറക്കി എൽഡിഎഫും മണ്ഡലം പിടിക്കാൻ ബിജെപിയും കച്ചകെട്ടുമ്പോൾ, വൻ ഭൂരിപക്ഷത്തിൽ വീണ്ടും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിറ്റിങ് എംഎൽഎ കൂടിയായ കെ എസ് ശബരീനാഥൻ.