തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ എൽ.ഡി.എഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ലത്തീൻ സഭ. ആഴക്കടൽ വിവാദം നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ലത്തീൻ സഭ. വിഷയത്തിലെ സംസ്ഥാന സർക്കാർ നിലപാട് തൃപ്തികരമല്ലെന്ന് റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ വ്യക്തമാക്കി.
മത്സ്യ, വ്യവസായ വകുപ്പുകളുടേത് കുറ്റകരമായ അനാസ്ഥയാണ്. ഭരണം അവസാനിക്കാറായപ്പോൾ ഇത്തരത്തിൽ ചെയ്യുന്നതിന് പിന്നിൽ സർക്കാറിന്റെ അലസമനോഭാവവും സ്വാർഥതയും ആണ്. എല്ലാ കാര്യങ്ങളും ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും സർക്കാർ നയം തിരുത്തണമെന്നും ബിഷപ്പ് ജോസഫ് കരിയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഓരോ കാര്യത്തെക്കുറിച്ചും പഠിച്ച് ചെയ്യണം. ഈ കരാറുകളുടെ കാര്യത്തില്‍ വ്യവസായ വകുപ്പും ഫിഷറീസ് വകുപ്പും കുറ്റകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കുറ്റംപറഞ്ഞ് രക്ഷപെടാന്‍ നോക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം ഉദ്യോഗസ്ഥന്മാര് ചെയ്യുന്ന പൊല്ലാപ്പുകള്‍ ഒരു വര്‍ഷത്തിലേറെയായി നാട്ടില്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. അധിക ശ്രദ്ധ വേണ്ടുന്ന മേഖലയായിരുന്നിട്ടുകൂടി അവര്‍ ശ്രദ്ധിച്ചില്ല. അവര്‍ ശ്രദ്ധിച്ചത് വേറെ കാര്യമാണ്. നമ്മുടെ കാര്യം അവര്‍ വിസ്മരിച്ചുപോയി. എന്നിട്ട് ഒന്നും ഉണ്ടായില്ല, ഒന്നും നടന്നിട്ടില്ല എന്ന് ഓരോ ദിവസും നുണ പറയുന്നു. അതിന്റെ ഓരോ വശങ്ങള് പുറത്തുവരുന്നതനുസരിച്ച് അവയെല്ലാം വലിയൊരു നുണയായി രൂപാന്തരപ്പെടുകയും ഒടുവില്‍ നിരവധി കരാറുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
നിങ്ങള്‍ തെളിവ് കൊണ്ടുവരികയെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഏറ്റവും കൗതുകകരമായി തോന്നിയത്. പ്രതിപക്ഷ നേതാവിന്റെ കൈയില്‍ തെളിവുണ്ടെങ്കില്‍ അത് സ്വകാര്യ കാര്യമാണ്. അത് കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അയാളാണ് തീരുമാനിക്കേണ്ടത്. കരാര്‍ ഒന്നും നടക്കുന്നില്ലെങ്കില്‍, അത് ഞങ്ങളുടേയും കൂടെ അവകാശമാണ്. അത് നേരിട്ട് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ അപ്പുറത്തേക്ക് പന്തിടുന്ന രീതി വളരെ പരിഹാസ്യമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.