CONGRESS PROTEST| കൃഷ്ണസ്വാമിയുടെ മരണം: റവന്യൂ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍; കോണ്‍ഗ്രസ് ഇന്ന് വില്ലേജ് ഓഫീസ് ഉപരോധിക്കും

Jaihind News Bureau
Tuesday, October 21, 2025

അട്ടപ്പാടിയില്‍ മൂന്ന് ഏക്കറോളം കൃഷിഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ കൃഷ്ണസ്വാമി (52) ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം. കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമിയെ ഇന്നലെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികള്‍ റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് വില്ലേജ് ഓഫീസ് ഉപരോധിക്കും.

കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതരില്‍ ഒരാള്‍ രേഖകളില്‍ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഇന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, തണ്ടപ്പേര് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയായിരുന്നു എന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.