ജി സുധാകരനും സിപിഎമ്മുമായുള്ള പടലപ്പിണക്കം വീണ്ടും തെരുവിലേയ്ക്ക്. പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ആഘോഷപൂര്‍വമായിട്ടാണ് ചടങ്ങ് ഇന്ന് നടത്തിയത്. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിക്കു ശേഷം സഖാക്കളെല്ലാം പോയ ശേഷമാണ് സുധാകരന്റെ പ്രവേശനം. ഓട്ടോറിക്ഷയില്‍ ഒറ്റയ്‌ക്കെത്തിയാണ് അദ്ദേഹം കൃഷ്ണപിള്ളയെ അനുസ്മരിച്ചത്. തുടര്‍ന്ന് പുന്നപ്ര വയലാര്‍ രക്തസാക്ഷി കുടീരത്തില്‍ എത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ശേഷമാണ് പാര്‍ട്ടി തന്നെ അവഗണിക്കുന്നുവെന്ന പരിഭവം അദ്ദേഹം പരസ്യമാക്കിയത്. ആലപ്പുഴയിലെ സിപിഎമ്മും സുധാകരനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അങ്ങാടി പാട്ടെന്ന പോലെ നിലനില്‍ക്കെയാണ് പരസ്യമായ ഒഴിവാക്കലില്‍ വരെയെത്തി നില്‍ക്കുന്നത്.