കൃപേഷ്-ശരത് ലാല്‍ സ്മരണയില്‍ ഇന്ന് നൊമ്പര സന്ധ്യ ; സ്മൃതി സംഗമം നാളെ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Tuesday, February 16, 2021

Kripesh-Sarath

 

കാസർഗോഡ് : പെരിയയില്‍ സി.പി.എമ്മിന്‍റെ കൊലക്കത്തിക്കിരയായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും രണ്ടാം വാർഷിക അനുസ്മരണ ദിനത്തിന്‍റെ ഭാഗമായി ജവഹർ ബാൽ മഞ്ച് ഇന്ന് വൈകിട്ട് നൊമ്പര സന്ധ്യ നടത്തും. നാളെ നടക്കുന്ന ശരത് ലാൽ കൃപേഷ് സ്മൃതി സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും അതിക്രൂരമായി കൊല്ലപ്പെടുന്നത്. കല്യോട്ട് പെരുങ്കളിയാട്ടത്തിന്‍റെ സ്വാഗതസംഘ രൂപീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം അക്രമിസംഘം ഇരുവരേയും വെട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്ന നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് സി.പി എമ്മിനും സർക്കാരിനും തിരിച്ചടിയായി സി.ബി. ഐ അന്വേഷണം ആരംഭിച്ചത്.

ഇരുവരുടെയും രക്തസാക്ഷിത്വത്തിന് നാളെ രണ്ടു വയസ് തികയുകയാണ്. ഇതിനോടനുബന്ധിച്ച് ഇന്ന് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നൊമ്പര സന്ധ്യ’ നടത്തും. അനുസ്മരണത്തിനുശേഷം കുട്ടികൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ നൃത്തശിൽപം അവതരിപ്പിക്കും. നാളെ ഡി സി.സിയുടെ നേതൃത്വത്തിൽ പെരിയ കല്യോട്ട് നടക്കുന്ന സ്മൃതി സംഗമം ഉച്ചയ്ക്ക് 3 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന നിരവധി കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.