വേറിട്ട തിരക്കഥകള്‍ മലയാളി പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിച്ചു; ഒരുപാട് കഥകള്‍ ബാക്കിയാക്കി, ഓർമ്മകളില്‍ എന്നും സച്ചി

Jaihind Webdesk
Tuesday, June 18, 2024

 

തിരക്കഥാകൃത്തും  സംവിധായകനുമായ സച്ചിയുടെ ഓര്‍മ ദിനമാണ് ഇന്ന്.  മലയാളികള്‍ നെഞ്ചിലേറ്റിയ സംവിധായകന്‍ കെ.ആര്‍. സച്ചിദാനന്ദന്‍ 2020 ജുണ്‍ 18നാണ് ഹൃദയാഘാതം മൂലം ലോകത്തോട് വിട പറഞ്ഞത്. മലയാളികള്‍ സച്ചിയെന്ന കലാകാരനെ നെഞ്ചിലേറ്റിയത് അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു.

സച്ചി സിനിമാ ലോകത്തേക്ക് കടന്നു വന്നത് 2007 ലാണ്. സച്ചി- സേതു കൂട്ടുക്കെട്ടിന്‍റെ സ്വപ്നമായിരുന്നു ചോക്ലേറ്റ് എന്ന ചിത്രം. തുടര്‍ന്ന് മലയാള സിനിമയില്‍ ഹിറ്റ് സിനിമകള്‍ ഈ കൂട്ടുക്കെട്ടിലൂടെ പിറന്നു. മേക്കപ്പ് മാന്‍, റോബിന്‍ ഹുഡ്, സീനിയേഴസ് തുടങ്ങി മലയാളികള്‍ നെഞ്ചേറ്റിയ ഒട്ടേറെ ചിത്രങ്ങള്‍. പിന്നീട് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ച് സ്വതന്ത്ര തിരക്കഥാകൃത്തായി. മോഹന്‍ലാലും അമല പോളും അഭിനയിച്ച റണ്‍ ബേബി റണ്‍ ആയിരുന്നു സച്ചിയുടെ സ്വതന്ത്ര സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. മലയാളികള്‍ ആവേശത്തോടെ ഏറ്റെടുത്ത അയ്യപ്പനും കോശിയുമായിരുന്നു സച്ചി എന്ന അനശ്വര സംവിധായകന്‍റെ അവസാന ചിത്രം. നിരവധി അവാര്‍ഡുകള്‍ ചിത്രം വാരികൂട്ടിയപ്പോള്‍ അത് കാണുവാന്‍ പക്ഷേ സച്ചി ഉണ്ടായിരുന്നില്ല. സച്ചി എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രമാണിതെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും സച്ചിക്ക് നേടിക്കൊടുത്തു. എന്നാല്‍ ആ പുരസ്‌കാരം കൈയിലേന്താന്‍ സാധിക്കും മുന്നേ സച്ചി ഈ ലോകം വിട്ടു പോയി.

വെറും 13 വര്‍ഷമാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഒരു യുഗം മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങള്‍ സച്ചിയുടേതായി വന്നു. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ അനാര്‍ക്കലി ആണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാമലീല, ഷെര്‍ലെക് ടോംസ്, ചേട്ടായിസ് എന്നീ സിനിമകള്‍ക്ക് സച്ചിയുടേതായി വന്നു. മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സച്ചി. മലയാള സിനിമയുടെ വരാനിരിക്കുന്ന നല്ല നാളെയെ വാര്‍ത്തെടുക്കാന്‍ നിന്നയാള്‍ യാത്രയായി.  മലയാളത്തിനായി ഒരുപാട് കഥാപാത്രങ്ങളും കഥകളും തിരക്കഥയുമെല്ലാം ബാക്കി വെച്ച് മടങ്ങിയ സച്ചിയെ മലയാളികള്‍ എന്നും ഓര്‍ക്കും.