സ്വര്‍ണക്കൊള്ളയും തട്ടിപ്പും നടത്തി വിശ്വാസികളെ വഞ്ചിച്ചു ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനെതിരെ കെ.പി.സി.സി നേതൃത്വത്തില്‍ നാളെ വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിശ്വാസ സംഗമം സംഘടിപ്പിക്കും. വിശ്വാസ സംഗമം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പി മാര്‍, എം.എല്‍.എമാര്‍, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
ശബരിമല ക്ഷേത്രത്തിലെ മുന്‍ പുറപ്പെടാശാന്തിമാര്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍, തിരുവാഭരണഘോഷയാത്രാ സംഘാംഗങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍, സാഹിത്യകാരന്മാര്‍, വിവിധ സാമുദായിക, മത നേതാക്കള്‍ എന്നിവര്‍ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കും. വിശ്വാസ സംഗമത്തില്‍ പതിനായിരം പ്രവര്‍ത്തകരും വിശ്വാസികളും പങ്കെടുക്കും.