കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ പ്രക്ഷോഭജ്വാലയായി കെപിസിസിയുടെ ‘സമരാഗ്നി’; ഫെബ്രുവരി 9 ന് തുടക്കം

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടിക്കൊണ്ട് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9-ന് കാസറഗോഡ് നിന്ന് ആരംഭിക്കും. മുപ്പതിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 29-ന് ജാഥ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയങ്ങൾ തന്നെയാണ് പ്രചാരണ വിഷയം. യാത്ര കടന്നു പോകുന്ന വഴികളിൽ പലയിടത്തും ഉയർന്നിരിക്കുന്ന ഹോർ‍ഡിംഗുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിമർശനങ്ങളാണ്. ‘എൽഡിഎഫ് എന്ത് ഉറപ്പാക്കി?’ എന്നതാണ് ഇതിലെ പൊതുവായ ചോദ്യം. ‘ബിജെപി എന്തുറപ്പാക്കി’ എന്ന ചോദ്യവുമായി കേന്ദ്ര സർക്കാരിനെതിരെയും വിമർശനം ഉയർത്തുന്നു. 140 വിഷയങ്ങളാണ് ഇരു സർക്കാരുകളെയും വിമർശിക്കാനായി കോൺഗ്രസ് പ്രചരണത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളെ പ്രധാന പ്രചരണവേദിയാക്കിക്കാന്‍ ഇതിനടകം തന്നെ കോൺഗ്രസിനായിട്ടുണ്ട്. സമരാഗ്നി യാത്രയ്ക്കായി പോസ്റ്ററുകളും  റീൽസും ഷോർട്ട്സുമെല്ലാം നിരന്തരമായി തയാറാക്കിക്കൊണ്ടിരിക്കുന്നു. കെപിസിസിയുടെ മാധ്യമ, പ്രചരണ വിഭാഗവും ‍ഡിജിറ്റൽ മീഡിയ സെല്ലും ചേര്‍ന്നാണ് പ്രചാരണ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. കാസറഗോഡ് നിന്ന് ആരംഭിക്കുന്ന യാത്രയിൽ 30-ലേറെ സ്ഥലങ്ങളിൽ നേതാക്കളുടെ പൊതുപരിപാടികള്‍ സംഘടിപ്പിക്കും. ഇവിടെയെല്ലാം വലിയ തോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

Comments (0)
Add Comment