‘സമരാഗ്നി’ നയിക്കാൻ കെ. സുധാകരനും വി.ഡി. സതീശനും; കേരളപര്യടന ജാഥയ്ക്ക് ജനുവരി 21 ന് തുടക്കം

Jaihind Webdesk
Saturday, December 30, 2023

 

തിരുവനന്തപുരം: കെ.പി.സി.സി നടത്തുന്ന ‌കേരള പര്യടന യാത്രയായ സമരാഗ്നി ജനുവരി 21ന് തുടങ്ങും. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചേർന്നാണ് യാത്ര നയിക്കുന്നത്.  21ന് കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം.

140 നിയമസഭ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തും. ഒരുമാസം നീണ്ടുനിൽക്കുന്നജാഥയുടെ സമാപന ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുക്കും. ഇന്നു ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ പൂർണ്ണ സജ്ജമാക്കുന്നതിനും താഴെത്തട്ടിൽ ഉൾപ്പെടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള ചർച്ചകൾ എക്സിക്യൂട്ടീവ് യോഗത്തിൽ നടന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രവർത്തകസമിതി അംഗങ്ങളായ എ കെ ആൻറണി, ശശി തരൂർ എം പിപ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ  പങ്കെടുത്തു.