മത്തായിയുടെ കസ്റ്റഡി മരണം: സർക്കാർ വേട്ടക്കാർക്കൊപ്പം; കുടുംബത്തിന് നീതി ഇല്ലെങ്കിൽ സമരം കെപിസിസി ഏറ്റെടുക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, August 14, 2020

Mullapaplly-Ramachandran

മത്തായിയുടെ കസ്റ്റഡി മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികൾക്ക് സർക്കാർ ക്ലീൻ ചിറ്റ് നൽകുന്നു. മുഖ്യമന്ത്രിയും വനം മന്ത്രിയും മറുപടി പറയണം.  കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തിൻ്റേത് നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാവണം. ഈ ഭരണത്തിൽ സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല. മത്തായിയുടെ കുടുംബത്തിന്‍റേത് ന്യായമായ ആവശ്യമാണ്‌. കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. നീതി ലഭിക്കും വരെ കുടുംബത്തിനൊപ്പം കോൺഗ്രസും പോരാടും. കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ കെപിസിസി സമരം ഏറ്റെടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹം പതിനൊന്നാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.