പിണറായി സർക്കാർ പിച്ചച്ചട്ടി എടുപ്പിച്ച മറിയക്കുട്ടിക്ക് കെപിസിസി വീട് വെച്ചു നല്‍കും; രണ്ടു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി താക്കോല്‍ കൈമാറുമെന്ന് കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Friday, November 24, 2023

 

തിരുവനന്തപുരം: അടിമാലിയിലെ മറിയക്കുട്ടിക്ക്കെപിസിസി വീട് വെച്ചു നൽകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. നവകേരള സദസിന്‍റെ പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സർക്കാർ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പുകളിൽ കൃത്രിമത്വം കാട്ടി സഹകരണ ഭരണം പിടിച്ചെടുക്കുന്നത് സിപിഎമ്മാണെന്നും കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

അടിമാലിയിൽ ക്ഷേമപെൻഷൻ ലഭിക്കാതെ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങേണ്ടിവന്ന, ജനങ്ങളുടെ മനസിൽ നൊമ്പരമായി മാറിയ മറിയക്കുട്ടിക്ക് കെപിസിസി വീട് വെച്ചു നൽകുമെന്ന് കെ. സുധാകരൻ എംപി അറിയിച്ചു. രണ്ടുമാസം കൊണ്ട് പണി പൂർത്തിയാക്കി വീടിന്‍റെ താക്കോൽ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്‍റെ പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സർക്കാർ കൊള്ളയടിക്കുകയാണെന്നും ഇത്തരത്തിൽ പാർട്ടി പരിപാടിക്ക്
പണപ്പിരിവ് നടത്തുവാൻ സർക്കാരിന് എന്ത് അധികാരമാണെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളെ കാണാതെ എന്ത് ജനസദസ് ആണ് മുഖ്യമന്ത്രി നടത്തുന്നത്? പരാതി പറയുന്ന ആർക്കും മുഖ്യമന്ത്രിയെ കാണുവാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച തരത്തിലുള്ള ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രി ഒരു മനുഷ്യനാണോ എന്നും കെപിസിസി പ്രസിഡന്‍റ് ചോദിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം കെപിസിസി അന്വേഷിക്കുമെന്നും ഏതുതരത്തിൽ അന്വേഷണം വേണമെന്ന് പാർട്ടി കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.